നവംബര്‍ 17-നു ബഹുമാനപ്പെട്ട കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശ്രീ ശശി തരൂര്‍ ഈ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു.
 
This website is inaugurated by Sri. Shashi Tharoor, Hon. Minister of State for External Affairs on November 17, 2009.


ഷൗട്ട്ഔട്ട്‌.ഇന്‍ വെബ്‌സൈറ്റിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

നാം വാങ്ങുന്ന സാധനങ്ങളിലോ, ഉപയോഗപ്പെടുത്തുന്ന സേവനങ്ങളിലോ ചിലപ്പോഴെങ്കിലും കുറ്റങ്ങളും കുറവുകളും അനുഭവപ്പെടാറില്ലേ? അവയെല്ലാം ചിലപ്പോള്‍ പരിഹരിച്ചേക്കാം, ചിലപ്പോള്‍ പരിഹരിക്കാതിരിക്കാം, ചിലപ്പോള്‍ പരിഹരിക്കാനേ പറ്റാത്തതായിരിക്കാം. എങ്ങനെ ആയാലും അക്കാര്യം മറ്റുള്ളവരെ അറിയിക്കാന്‍ അവസരം ലഭിക്കുന്നത് നല്ലതല്ലേ? സേവനമല്ലേ?

അങ്ങനെയുള്ള കാര്യങ്ങള്‍ ആര്‍ക്കും വിളിച്ചുപറയാന്‍ ഉള്ളൊരിടമാണിത്. താങ്കളുടെ വിലയേറിയ സേവനവും ഇവിടെ പ്രതീക്ഷിക്കുന്നു, മറ്റു മലയാളികള്‍ക്കായി.

ഉപഭോക്താവ് – ഒരു നിര്‍വചനം

November 16th, 2009 No comments

ആരാണുപഭോക്താവെന്നറിഞ്ഞീടുവാ-
നാര്‍ക്കാണു കൗതുകം തോന്നാതിരിക്കുക

രൊക്കം പണം നല്‍കി വാങ്ങിയെന്നാകിലും
പിന്നെത്തരാമെന്ന്‌ ചൊന്ന്‌ വാങ്ങീടിലും
സാധനം, സേവനം വാങ്ങുന്ന യേവരും
സാക്ഷാല്‍ ഉപഭോക്താവെന്നറിഞ്ഞീടണം.

സാധനം തന്നതു മോശമാണെങ്കിലും
സേവനം തന്നതില്‍ ന്യൂന്നതയെങ്കിലും
ഒട്ടും മടിക്കേണ്ട നിങ്ങള്‍തന്‍ രക്ഷക്കായ്‌
ഉപഭോതൃ രക്ഷാനിയമങ്ങളേറെ.

സാധനം നോക്കി തിരെഞ്ഞെടുക്കുന്നതും
മോശമാം സാധനം തിരികെ നല്‍കുന്നതും
സേവന ന്യൂനത ചോദ്യം ചെയ്തീടലും
ഒട്ടും മടിയ്കാ, നിങ്ങള്‍തന്നവകാശം

മണ്ടത്തരങ്ങള്‍ പറ്റാണ്ടിരിക്കുവാന്
‍കൈയ്യോടെ ബില്ല്‌, രസീതുകള്‍ വാങ്ങണം
പേരും വിവരങ്ങള്‍ തീയതിയെന്നിവ
നേരായവണ്ണമതില്‍ കുറിപ്പിക്കണം.

(രചനഃ ജെ.ഉണ്ണികൃഷ്ണക്കുറുപ്പ്‌, മാവേലിക്കര).

ആരാണ്‌ ഉപഭോക്താവ്‌.

വിലകൊടുത്ത്‌ സാധനങ്ങള്‍ വാങ്ങുകയോ സേവനങ്ങള്‍ ലഭ്യമാക്കുകയോ ചെയ്യുന്ന വ്യക്തിയാണ്‌ ഉപഭോക്താവ്‌.

സാധനങ്ങള്‍ വാങ്ങുന്നത്‌ അഥവാ സേവനങ്ങള്‍ ലഭ്യമാക്കുന്നത്‌ പ്രതിഫലം നല്‍കിയോ, വാഗ്ദാനം ചെയ്തോ, ഭാഗികമായി പ്രതിഫലം നല്‍കിയോ,ഭാഗികമായി വാഗ്ദാനം ചെയ്തോ തവണകളായി നല്‍കാമെന്ന വ്യവസ്ഥയിലോ ആവാം.

അതോടൊപ്പം, സാധനങ്ങള്‍ വാങ്ങുകയോ സേവനങ്ങള്‍ ലഭ്യമാക്കുകയോ ചെയ്യുന്ന വ്യക്തിയുടെ അനുവാദത്തോടെ അവ ഉപയോഗിക്കുന്ന വ്യക്തിയും ഉപഭോക്താവാണ്‌.

ഉദാ:-1. ദൈനംദിന ആവശ്യങ്ങള്‍ക്കായി ടൂത്ത്‌ പേസ്റ്റ്‌, ധരിക്കുന്ന വസ്ത്രം ഭക്ഷണ പതാര്‍ത്ഥങ്ങള്‍, ടെലിവിഷന്‍, കംപ്യൂട്ടര്‍ മറ്റും മറ്റും വാങ്ങുമ്പോള്‍ നാം ഉപഭോക്താക്കളാണ്‌.
2.ഒരാള്‍ മറ്റൊരാളുടെ സ്കൂട്ടര്‍ നാളുകളായി ഉപയോഗിച്ചു വരുന്നു.സ്കൂട്ടറിന്റെ ഉടമ അതിനെ എതിര്‍ക്കുന്നില്ല. ഇവിടെ സ്കൂട്ടര്‍ ഉപയോഗിക്കുന്നതില്‍ ഉടമയുടെ വ്യംഗ്യമായ അനുവാദമുണ്ട്‌. സ്കൂട്ടര്‍ ഉപയോഗിക്കുന്നയാല്‍ ഉപഭോകതാവാണ്‌.

മറിച്ചു വില്‍ക്കുന്നതിനോ ‘വ്യാപാരാവശ്യ്ങ്ങള്‍ക്കോ‘ സാധനങ്ങള്‍ വാങ്ങുന്നയാള്‍ ഉപഭോക്താവല്ല.

എന്നാല്‍ സ്വയംതൊഴില്‍ വഴി ഉപജീവനത്തിനായി സാധനങ്ങള്‍ വാങ്ങുന്നയാല്‍ ഉപഭോക്താവാണ്‌.

ഉദാ:- 1.മറിച്ചു വില്‍ക്കുന്നതിന്‌ ഓട്ടോറിക്ഷ വാങ്ങുക.
2.സോപ്പ്‌ നിര്‍മ്മാണത്തിന്‌ വെളിച്ചെണ്ണ വാങ്ങുക.
3.ഓഫീസിലേക്ക്‌ ഫാന്‍ വാങ്ങുക. മറ്റും മറ്റും.

ഇനിപ്പറയുന്ന സാഹചര്യങ്ങളില്‍ ഒരാള്‍ ഉപഭോക്താവാണ്‌:-

  • റീജിയണല്‍ പ്രൊവിഡന്റ്‌ ഫണ്ട്‌ കമ്മിഷണറുടെ പക്കല്‍ നിന്നും സേവനത്തിന്‌ അര്‍ഹതയുണ്ടായിരിക്കുക
  • സിനിമ കാണാന്‍ ടിക്കറ്റ്‌ റിസര്‍വ്‌ ചെയ്യുക.
  • വിമാനയാത്രക്കായി ടിക്കറ്റ്‌ എടുക്കുക.
  • വസ്ത്രങ്ങള്‍ ഡ്രൈവാഷിന്‌ കൊടുക്കുക.
  • ബ്ലഡ്‌ ബാങ്കില്‍ നിന്നും രക്തം വാങ്ങുക.
  • ടെലഫോണ്‍ കണക്‌ഷന്‌ അപേക്ഷിക്കുക.
  • ഡിമാന്റ്‌-ഡ്രാഫ്റ്റ്‌ വാങ്ങുക.
  • സ്പ്പീഡ്‌പോസ്റ്റ്‌ വഴി സാധനങ്ങള്‍ അയക്കുക.
  • കറണ്ട്‌ കണക്ഷനപേക്ഷിക്കുക.
  • ഇന്‍ഷൂറന്‍സ്‌ പ്രകാരമുള്ള നോമിനി.
  • ഫീസ്‌ നല്‍കി പഠിക്കുന്ന വിദ്യാര്‍ത്ഥി.
  • സര്‍ക്കാര്‍ ഓഫീസില്‍നിന്നും എന്തെങ്കിലുമൊരു സര്‍ട്ടിഫിക്കറ്റ്‌ കിട്ടുന്നതിനുവേണ്ടി നിര്‍ദ്ദിഷ്ട ഫീസ്സടച്ചോ, കോര്‍ട്ട്‌ഫീസ്‌ സ്റ്റാമ്പൊട്ടിച്ചോ അപേക്ഷ കൊടുക്കുമ്പോള്‍.
  • ഇന്‍സ്റ്റാള്‍മെന്റായും ഹയര്‍ പര്‍ച്ചേയ്സ്‌ ആയുംസാധനങ്ങള്‍ വാങ്ങുക.
  • മെയില്‍ ട്രാന്‍സ്ഫര്‍ അയയ്കുക.
  • ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കുക.
  • ചിട്ടിയില്‍ അംഗമാകുക.
  • ലോഡ്ജില്‍ മുറിയെടുത്തു താമസിക്കുക.
  • കേബിള്‍ ടി.വി. കണക്‌ഷനെടുക്കുക.
  • കല്ല്യാണ ബ്രോക്കറുടെ സേവനം വാങ്ങുക.

കോടതി തീര്‍പ്പാക്കിയിട്ടുള്ള ഉപഭോക്തൃ തര്‍ക്കങ്ങളുടെ അടിസ്ഥാനത്തില്‍ ഉള്ള ഏതാനും ഉദാഹരണങ്ങളാണ്‌ മേല്‍ക്കാണിച്ചത്‌.എന്നാല്‍ കോടതിവിധികള്‍ പ്രകാരം താഴെ കാണിച്ചിരിക്കുന്ന സാഹചര്യങ്ങളില്‍ ഒരാള്‍ ഉപഭോക്താവല്ല:-

  • വാടകക്ക്‌ താമസിക്കുക.
  • ഏതെങ്കിലും സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസി എടുക്കുക.
  • ബാങ്ക്‌ ലോണിന്‌ അപേക്ഷിക്കുക.
  • സര്‍ക്കാര്‍ ആശുപതിയില്‍ നിന്ന്‌ വൈദ്യസേവനം ലഭ്യമാക്കുക.
  • സ്റ്റാമ്പ്‌ ഡ്യൂട്ടി നല്‍കുക.
  • വാഹനനികുതി/കെട്ടിടനികുതി നല്‍കുക.
  • സ്ഥാവരവസ്തുക്കള്‍ ലീസിന്‌ നല്‍കുക.
  • ലോട്ടറി ടിക്കറ്റ്‌ വാങ്ങുക.പാസ്പോര്‍ട്ടിന്‌ അപേക്ഷിച്ചിട്ടുള്ള വ്യക്തി.കോര്‍ട്ട്‌ഫീസടച്ചു സിവില്‍ കോടതിയില്‍ അന്യായം കൊടുക്കുക
  • കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന്‌ അപേക്ഷ നല്‍കുക.
  • ജോലിക്ക്‌ അപേക്ഷ അയച്ചിട്ടുള്ള ഉദ്യോഗാര്‍ത്ഥി.